കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയായ നശാ മുക്ത ഭാരത് അഭിയാന്റെ കീഴിൽ രാജ്യമൊട്ടാകെ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ദേശീയ യുവജന ദിനമായ ഓഗസ്റ്റ് 12 രാജ്യത്തെ എല്ലാ സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെ കേന്ദ്രസർക്കാർ രൂപീകരിച്ച ജനകീയ ബോധവൽക്കരണ പരിപാടിയായ നശാ മുക്ത് ഭാരത് അഭിയാ൯ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. 'ലഹരി വിമുക്ത ഇന്ത്യ, വികസിത ഇന്ത്യ ' എന്നതാണ് ഇത്തവണത്തെ ആപ്ത വാക്യം. രാജ്യത്ത് ലഹരിയുടെ ഉപഭോഗം ഏറ്റവും കൂടുതലായി കേന്ദ്ര നാർക്കോട്ടിക് ബ്യൂറോ കണ്ടെത്തിയിട്ടുള്ള 272 ജില്ലകളിലാണ് നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതി നടപ്പിലാക്കി വരുന്നത്.
കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ എബ്രഹാം, ഹുസൂ൪ ശിരസ്തദാ൪ ബി. അനിൽ കുമാ൪ മേനോ൯, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ്, സൂപ്രണ്ട് എം.വി. സ്മിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എറണാകുളം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും രാവിലെ 11 ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് രാജ്യവ്യാപകമായി പരിപാടിയിൽ പങ്കാളിയായെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.