ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. നിലവില്‍ ഗോയലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്കും ഭാര്യ അനിത ഗോയലിനും ക്യാന്‍സറായതിനാല്‍ മെഡിക്കല്‍, മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗോയല്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു. പകരം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടാമെന്നും ഇഡി കോടതിയെ അറിയിച്ചു.
മുമ്പ് പ്രത്യേക കോടതി ഗോയലിന് ജാമ്യം നിഷേധിച്ചിരുന്നു. അദ്ദേഹത്തിനെ ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാനും കോടതി അനുമതി നല്‍കിയിരുന്നു.
ജെറ്റ് എയര്‍വേയ്‌സിന് കനറാ ബാങ്ക് അനുവദിച്ച 538.62 കോടി രൂപയുടെ ഫണ്ട് വെളുപ്പിച്ചതിനെ 2023 സെപ്തംബറിലാണ് ഇഡി ഗോയലിനെ അറസ്റ്റ് ചെയ്തത്. നവംബറില്‍ ഇഡി കുറ്റപത്രവും സമര്‍പ്പിച്ചു.