ന്യൂഡൽഹി: യുക്രൈൻ പ്രസിഡൻറ് വൊളോദിമിർ സെലെൻസ്‌കിയുമായി കൂടികാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സന്ദർശനത്തിന് ശേഷം പുതിനുമായി സംസാരിച്ചെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ചചെയ്തെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. റഷ്യ-യുക്രൈൻ സംഘർഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സന്ദർശന ശേഷമുള്ള വിലയിരുത്തലുകളും പരസ്പരം കൈമാറിയതായും സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിന് പിന്തുണ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നും മാനുഷികമായ കാഴ്ചപ്പാടോടു കൂടി എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നും മോദി യുക്രൈൻ സന്ദർശനവേളയിൽ സെലെൻസ്‌കിക്ക് ഉറപ്പ് നൽകിയിരുന്നു. യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയതിൽ സെലൻസ്‌കിയടക്കമുള്ള പശ്ചാത്യ രാജ്യനേതാക്കൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോദിയുടെ യുക്രൈൻ സന്ദർശനം.