ചെന്നൈ : മലയാള സിനിമാ മേഖലകളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പരിഹരിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഇതാ തമിഴ് സിനിമയിലെ അതിക്രമങ്ങൾക്കും പരാതി നൽകാൻ കമ്മിറ്റി നിയോഗിച്ച് താരസംഘടനയായ നടികർ സംഘം. നടി രോഹിണിയെയാണ് അധ്യക്ഷയായി നിയമിച്ചിട്ടുള്ളത്. തമിഴ് സിനിമാ മേഖലയിൽ സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യർഥിച്ചു.
അതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോപണം തെളിഞ്ഞാൽ കുറ്റക്കാർക്ക് സിനിമയിൽ നിന്ന് അഞ്ചു വർഷം വിലക്കേർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൽ പരിഗണനയിലുണ്ടെന്നാണ് സംഘടന പറഞ്ഞത്. ഇരകൾക്ക് നിയമസഹായവും നടികർ സംഘം നൽകും. മാധ്യമങ്ങൾക്കു മുന്നിൽ പ്രശ്നം അവതരിപ്പിക്കാതെ ആദ്യം ആഭ്യന്തര സമിതിയെ അറിയിക്കണമെന്നും രോഹിണി പറഞ്ഞു.
2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രവർത്തനം നിർജീവമായിരുന്നു.