ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനക്കുതിപ്പ് സര്‍വ്വമേഖലയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രനും ചൊവ്വയും വ്യാഴവുമൊക്കെ ഇന്ത്യയുടെ പരിധിക്കുള്ളില്‍ ആയിക്കഴിഞ്ഞു. പര്യവേഷകരെ ചന്ദ്രനിലെത്തിക്കുന്ന ഗഗന്‍യാന്‍ അടുത്ത വര്‍ഷം വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ചുവടുവയ്‌പ്പെന്നോണം അന്റാര്‍ട്ടിക്കയില്‍ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുകയാണ് രാജ്യം. നാല് വര്‍ഷത്തിനകം അന്റാര്‍ട്ടിക്കയില്‍ മൈത്രി 2 എന്ന പേരിലായിരിക്കും ഗവേഷണ കേന്ദ്രം. അന്റാര്‍ട്ടിക്കയിലെ ഗവേഷണ പദ്ധതികള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. കെവാച്ചിയില്‍ 46-ാമത് അന്റാര്‍ട്ടിക് ഉടമ്പടി കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്യവേ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇക്കാര്യം അറിയിച്ചത്. സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി എടിസിഎമ്മില്‍ ഇന്ത്യ അവതരിപ്പിക്കും.
1989ല്‍ പ്രവര്‍ത്തനം തുടങ്ങിയ മൈത്രിക്ക് പകരമാണ് മൈത്രി 2 സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൈത്രി ഇതിന്റെ രൂപകല്‍പ്പന പൂര്‍ത്തിയാകുമെന്ന് ഭൗമ ശാസ്ത്രമന്ത്രാലയം സെക്രട്ടറിയും സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ മേധാവിയുമായ ഡോ. എം രവിചന്ദ്രന്‍ അറിയിച്ചു.
മൈത്രി, ഭാരതി എന്നീ രണ്ട് ഗവേഷണ കേന്ദ്രങ്ങളാണ് അന്റാര്‍ട്ടിക്കയില്‍ നിലവില്‍ ഇന്ത്യയ്ക്കുള്ളത്. വേനല്‍കാലത്ത് 100 ഇന്ത്യന്‍ ശാസ്‌റത്രജ്ഞര്‍ക്ക് വരെ ഈ രണ്ട് ഗവേഷണ കേന്ദ്രങ്ങളിലായി ഗവേഷണം നടത്താം.
ഈ മാസം 30 വരെ കൊച്ചിയിലാണ് എടിസിഎം നടക്കുന്നത്. അന്റാര്‍ട്ടിക് പാര്‍ലമെന്റ് എന്ന് കൂടി അറിയപ്പെടുന്ന ഈ പരിപാടിക്ക് ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ചത് 2007ല്‍ ന്യൂഡല്‍ഹിയിലാണ്.
ശീതയുദ്ധത്തിന്റെ കാലത്ത് 1959ലാണ് അന്റാര്‍ട്ടിക് ഉടമ്പടി സ്ഥാപിതമായത്. സൈനികവല്‍ക്കരണം, ആണവ പരീക്ഷണം, റേഡിയോ ആക്ടീവ് മാലിന്യ നിര്‍മാര്‍ജനം എന്നിവ നിരോധിക്കുന്ന സാമാധാനപരവും ശാസത്രീയ ഗവേഷണങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രദേശമായി അന്റാര്‍ട്ടിക്കയെ ഈ ഉടമ്പടി മാറ്റുകയായിരുന്നു. 1983ലാണ് ഇന്ത്യ അന്റാര്‍ട്ടിക് ഉടമ്പടിയുടെ പങ്കാളിയായത്. ഉടമ്പടിയുടെ പങ്കാളിയായി മാറിയതോടെ, അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്.
1981ലാണ് ഇന്ത്യ അന്റാര്‍ട്ടിക് ശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിച്ചത്. 1983ല്‍ അതിന്റെ ആദ്യ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി സ്ഥാപിക്കുകയുണ്ടായി. 1983ല്‍ലാണ് മൈത്രി സ്റ്റേഷന്‍ സ്ഥാപിച്ചത്.