യാങ്കൂൺ: പതിനെട്ടിനും 35-നുമിടയിൽ പ്രായമുള്ള പുരുഷന്മാരെ ജോലി ആവശ്യങ്ങൾക്കായി രാജ്യത്ത് നിന്നും പുറത്ത് പോകുന്നത് വിലക്കി മ്യാന്മാറിലെ സൈനിക സർക്കാർ. നിർബന്ധിത സൈനിക സേവനത്തിൻറെ ഭാഗമാകേണ്ടി വരുമെന്ന ആശങ്കയ്ക്ക് പിന്നാലെ നിരവധിപേർ പലായനം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെയാണ് നടപടി.
മ്യാന്മാറിലെ പൗരന്മാർക്ക് മറ്റ് രാജ്യങ്ങളിൽ ജോലിക്ക് പോകുന്നതിന് അനുവാദമുണ്ടായിരുന്നു. എന്നാൽ, വിദേശ തൊഴിൽ പെർമിറ്റിനായി പുരുഷന്മാരിൽ നിന്നുള്ള അപേക്ഷകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നതായി അധികൃതർ വ്യാഴാഴ്ചയാണ് അറിയിച്ചത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മ്യാന്മാർ പൗരന്മാർക്കും ഈ നിയമം ബാധകമാകാനാണ് സാധ്യത.
രാജ്യത്ത് തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അട്ടിമറിയിലൂടെ രാജ്യത്ത് അധികാരത്തിലേറിയ സൈനിക സർക്കാരിനെതിരായ എതിർപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. 2024 ഫെബ്രുവരിയിൽ തന്നെ നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട നിയമനങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഉത്തരവ് പ്രകാരം 18-നും 35-നും ഇടയിലുള്ള പുരുഷന്മാരും 18-നും 27-നും ഇടയിലുള്ള സ്ത്രീകളും സൈന്യത്തിൽ ചേരാൻ ബാധ്യസ്ഥരാണ്.