മുംബൈ: മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്.ഭൂമിക്കടിയിൽ 33.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഗതാഗത സജ്ജമായിരിക്കുന്നത്. മൊത്തം 56 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ആദ്യഘട്ടമാണ് ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. 37,275.50 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ആദ്യഘട്ടത്തിൽ ആരെ കോളനി മുതൽ ബാന്ദ്ര കുർള കോംപ്ലക്സ് വരെയാണ് സർവീസ്. 27 സ്റ്റോപ്പുകളുണ്ട്. 35 കിലോമീറ്റർ യാത്ര മെട്രോയിൽ 50 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ മണിക്കൂറിൽ 90 കിലോമീറ്ററാണ് വേഗത. രാവിലെ ആറ് മുതൽ വൈകിട്ട് 11 വരെയാണ് സർവീസ് നടത്തുക. കഴിഞ്ഞ ജൂണിലാണ് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയത്.
ഒരേസമയം 3000 പേർക്ക് മെട്രോയിൽ സഞ്ചരിക്കാം. മുംബൈ മെട്രോപൊളിറ്റൻ റീജൻ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു ഭൂഗർഭ മെട്രോയുടെ നിർമാണ ചുമതല. ഭൂഗർഭ മോട്രോയുടെ ഉദ്ഘാടനത്തിന് പുറമേ താനെ റിംഗ് മെട്രോയ്‌ക്കും പ്രധാനമന്ത്രി തറക്കല്ലിടും. മാസങ്ങൾക്ക് മുമ്പാണ് താനെ മെട്രോയ്‌ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 2029 ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.