മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി. പരീക്ഷണം ഓട്ടം വിജയകരമായി പൂർത്തികരിച്ചെന്നും മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ജൂലായിയിൽ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. റോഡ് മാർഗം രണ്ട് മണിക്കൂറിലധികമെടുക്കുന്ന 35 കിലോമീറ്റർ യാത്ര മെട്രോയിൽ 50 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വൈദ്യുതസംവിധാനങ്ങളുടെ സുരക്ഷാപരിശോധന നടന്നുവരുന്നതായി അധികൃതർ അറിയിച്ചു. ഭൂമിക്കടിയിൽ 33.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഗതാഗത സജ്ജമായിരിക്കുന്നത്. മൊത്തം56 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ആദ്യഘട്ടമാണിത്.
2017 ൽ ആരംഭിച്ച തുരങ്കനിർമാണപ്രവർത്തനങ്ങൾ ഏഴു വർഷമെടുത്താണ് പൂർത്തികരിച്ചത്. ഗോരെഗാവിന് സമീപം ആരെ കോളനിയിൽനിന്ന് ആരംഭിച്ച ബാന്ദ്ര-കുർള കോംപ്ലക്‌സിൽ അവസാനിക്കുന്ന പാതയിൽ ആകെ 27 സ്റ്റേഷനുകളാണുള്ളത്.
26 എണ്ണവും ഭൂമിക്കടിയിലാണുള്ളത്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്നതാണ് മെട്രോയിലൂടെയുള്ള ഗതാഗതം. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത എട്ട് മാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം 260 സർവീസുകളാണ് ഉണ്ടാവുക. രാവിലെ 6.30 മുതൽ രാത്രി 11 മണി വരെ മെട്രോ പ്രവർത്തിക്കും.