വാഷിങ്ടൺ: 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും പാകിസ്താന്‍ വംശജനുമായ തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ കോടതിയുടെ ഉത്തരവ്. യു.എസ് അപ്പീൽ കോടതിയുടേതാണ് വിധി പുറപ്പെടുവിച്ചത്.
റാണയെ കൈമാറുക എന്നത് ഏറെ കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും ഇയാളെ കൈമാറുക. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് അപ്പീൽ കോടതി വിധിയിൽ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിൽ നേരത്തേ റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ റാണ നൽകിയ ഹർജി കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി തള്ളുകയും ചെയ്തു.
സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഇപ്പോൾ അപ്പീൽ കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയിൽ റാണയുടെ കുറ്റകൃത്യം ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലെ മെട്രോപൊളിറ്റൻ ജയിലിൽ കഴിയുകയാണ് നിലവിൽ റാണ.
2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് സഹായം നൽകിയ കേസിൽ 2011-ൽ യു.എസ്. കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.