ദില്ലി: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയെ അനുസ്മരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്നും മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കും ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിത്. 'വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചുവെന്നും അംബാനി പറയുന്നു.
രത്തൻ ടാറ്റയുടെ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് നഷ്ടമായത്ർ. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്കും കൊണ്ടുവന്നു. അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവൽക്കരിക്കുകയും 1991 ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു. രത്തൻ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളർച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയൻസിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവൻ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തൻ, അങ്ങ് എന്നും എന്റെ ഹൃദയത്തിൽ നിലനിൽക്കും.'- എന്ന് മുകേഷ് അംബാനി അനുശോചന കുറിപ്പിൽ പറഞ്ഞു.
രത്തൻ ടാറ്റയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻറിലുള്ള നാഷണൽ സെൻറർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.