ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അക്രമബാധിത രാജ്യത്ത് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സുസ്ഥിരവും സമാധാനപരവും ജനാധിപത്യവും പുരോഗമനപരവുമായിട്ടുള്ള ബംഗ്ലാദേശിന്റെ മുന്നേറ്റത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചതായും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര കലാപത്തെ തുടർന്ന് ജനകീയപ്രക്ഷോഭത്താൽ കലുഷമായ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇടക്കാല ഭരണാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടിരുന്നു.
പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ച് ബംഗ്ലാദേശ് വിട്ടതിനെത്തുടർന്നാണ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാലസർക്കാർ രൂപവത്കരിക്കാൻ സേനാനേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രിക്കുതുല്യമായ മുഖ്യ ഉപദേശകൻ എന്നതാണ് യൂനുസിന്റെ പദവി. തിരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഇടക്കാല സർക്കാരിന്റെ ചുമതല.