മുഡ ഭൂമിയിടപാട് അഴിമതി; സിദ്ധരാമയ്യയ്‌ക്കെതിരെ ലോകായുക്ത കേസെടുത്തു

മുഡ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോത് നേരത്തെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ ഈ നീക്കത്തെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു.

author-image
Prana
New Update
a

മൈസൂരു നഗരവികസന അതോറിറ്റി (മുഡമൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ലോകായുക്ത.
മുഡ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോത് നേരത്തെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ ഈ നീക്കത്തെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. പിന്നാലെ സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ ലോകായുക്ത പോലീസിന് പ്രത്യേക കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഭവത്തില്‍ ലോകായുക്ത എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയത്.
മുഡ, ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനെക്കാള്‍ മൂല്യമേറിയ ഭൂമി സ്ഥലം പകരം നല്‍കി എന്നതാണ് മുഡ അഴിമതി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിന് പകരമായി കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകള്‍ പകരം നല്‍കിയെന്നുമാണ് ആരോപണം. പാര്‍വതിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് ഇവര്‍ക്ക് പകരം നല്‍കിയതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൂവായിരം കോടി മുതല്‍ നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

 

lokayukta karnataka chief minister siddaramaiah MUDA case