മുഡ കേസ്: സിദ്ധരാമയ്യയുടെ ഭാര്യയുടെ പ്ലോട്ടുകള്‍ തിരിച്ചെടുത്തു

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി.

author-image
Prana
New Update
a

മുഡ അഴിമതി കേസില്‍ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകള്‍ അധികൃതര്‍ തിരിച്ചെടുത്തു. 14 പ്ലോട്ടുകളും മുഡ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായി കമ്മീഷണര്‍ അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി. ലോകായുക്ത  ഇഡി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയായിരുന്നു ബി എം പാര്‍വതി പ്ലോട്ടുകള്‍ തിരികെ നല്‍കിയത്.
നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ലോകായുക്ത  ഇഡി കേസുകളില്‍ രണ്ടാം പ്രതിയാണ് ബി എം പാര്‍വതി. മൈസൂരുവിലെ കേസരെ വില്ലേജില്‍ പാര്‍വതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കര്‍ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.
മുഡ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ഒരു തെളിവും ഇ ഡിയുടെ കയ്യിലില്ലെന്ന വാദവുമായി സിദ്ധരാമയ്യ രം?ഗത്തെത്തിയിരുന്നു. ഒരു പണമിടപാടും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. ഭാര്യ പാര്‍വതിക്ക് വിവാദങ്ങളിലും രാഷ്ട്രീയത്തിലും താല്പര്യമില്ല. അതുകൊണ്ട് 14 പ്ലോട്ടുകളും തിരിച്ചുനല്‍കാന്‍ അവര്‍ സ്വയം തീരുമാനിച്ചതാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഡ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ അടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഡ അഴിമതിയില്‍ ലോകായുക്ത പൊലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകള്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഇഡി അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ തിരക്കഥയുടെ ഭാഗമാണ് ഇഡി കേസെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

karnataka sidharamaiiaa MUDA case