ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. എസ്ഐടി അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടിയിൽ നിന്നും പുറത്താക്കണമോയെന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയാണ് പ്രജ്വൽ. ആരോപണങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് പ്രചരണം തുടങ്ങികഴിഞ്ഞു.
പ്രജ്വൽ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവർ രംഗത്ത് വന്നിരുന്നു.
അഞ്ചു വർഷത്തോളം പഴയ വിഡിയോകളാണ് പ്രചരിക്കുന്നത് എന്ന് പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ പറഞ്ഞു. ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിൽ രേവണ്ണയ്ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്. കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് 7 ന് ആണ്. ഹാസനിൽ 26 ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടന്നിരുന്നു.