ബെംഗളുരു: കാലാവസ്ഥാ വ്യതിയാനവും കാര്‍ബണ്ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവും എല്ലാം ചേര്‍ന്ന് ഭൂമിക്ക് വലിയ പ്രതീക്ഷയില്ലെന്ന നിരീക്ഷണങ്ങളും പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 25 ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി തന്നെ ഇല്ലാതാകുമെന്ന പുതിയ കണ്ടെത്തലും ശാസ്ത്രലോകം പുറത്തുവിട്ടുകഴിഞ്ഞു.
കോടാനുകോടി വര്‍ഷങ്ങള്‍ക്കിപ്പുറം അന്യഗ്രഹങ്ങളിലേക്ക് ചേക്കേറാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാസയും ഇന്ത്യയുടെ ഇസ്രോയുമെല്ലാം പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്.
ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗര്‍ത്തങ്ങളില്‍ മഞ്ഞുരൂപത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഉപരിതലത്തിലുള്ള ഹിമത്തേക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാകും ഇരു ധ്രുവങ്ങളിലെയും ഐസ് എന്നാണ് പഠനം.
ഇസ്രോയുടെ സ്പേസസ് ആപ്ലിക്കേഷന്‍ സെന്റര്‍ ആണ് ഐഐടി കാണ്‍പൂര്‍, സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധനബാദ് എന്നിവയുടെ സഹകരണത്തോടെ പഠനം നടത്തിയത്. നിര്‍ണായക കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് ഫോട്ടോഗ്രാമെട്രി ആന്‍ഡ് റിമോട്ട് സെന്‍സിംഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങള്‍ക്കും ചന്ദ്രനില്‍ മനുഷ്യസാന്നിധ്യം നിലനിര്‍ത്തുന്നതിനും നിര്‍ണായകമായ കണ്ടെത്തലാണിത്. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റിലെ റഡാര്‍, ലേസര്‍, ഒപ്റ്റിക്കല്‍, ന്യൂട്രോണ്‍ സ്പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പെക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവയുള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ നിര്‍ണായക കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്നത്.
ചന്ദ്രയാന്‍-2-ലെ പോളാരിമെട്രിക് റഡാര്‍ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗര്‍ത്തങ്ങളില്‍ മഞ്ഞുരൂപത്തില്‍ വെള്ളത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്ന ഇസ്രോയുടെ മുന്‍പഠനത്തെ പുതിയ പഠനം സാധൂകരിക്കുന്നുണ്ട്. ഉത്തര ധ്രുവമേഖലയിലെ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ വ്യാപ്തി ദക്ഷിണമേഖലയേക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. ശാസ്ത്രലോകത്തെ പഠനങ്ങല്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.