മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ക്ഷണമില്ലെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാജ്യന്തര പ്രമുഖർക്ക് ക്ഷണമുണ്ടെങ്കിലും പ്രതിപക്ഷത്തിന് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് പ്രതികരിച്ചുകൊണ്ട് ജയ്റാം രമേശാണ് വിമർശനം ഉന്നയിച്ചത്.
ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. കോൺഗ്രസിന് മാത്രമല്ല, ഇന്ത്യ മുന്നണി നേതാക്കൾക്കും എംപിമാർക്കും ചടങ്ങിലേക്ക് ക്ഷണമില്ല. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, സിപിഎം, സിപിഐ, ആർഎസ്പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ക്ഷണം ലഭിച്ചിട്ടില്ല. ജനാധിപത്യപരവിരുദ്ധവും നിയമവിരുദ്ധവുമായി രൂപീകരിക്കുന്ന ഒരു സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങിൽ താനോ തന്റെ പാർട്ടിയോ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും വ്യക്തമാക്കിയിരുന്നു.
വൈകിട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള ചടങ്ങിലാണ് പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക.