മോദി 3.0യിൽ ബിജെപി തന്നെ പ്രധാന വകുപ്പുകൾ കൈവശപ്പെടുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ബിജെപി യോഗത്തിൽ തീരുമാനമായി. 11 മണിക്കൂർ നീണ്ട യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും പങ്കെടുത്തു. എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കും നിതീഷ് കുമാറിന്റെ ജെഡിയുവിനും കുറഞ്ഞത് ഒരു ക്യാബിനറ്റ് ബെർത്തും ഒരു സഹമന്ത്രിസ്ഥാനവും മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ലഭിക്കുമെന്ന് ഉറപ്പാണ്. എൻഡിഎ നേതാക്കൾ വലിയ സമ്മർദ്ദ തന്ത്രവുമായി ചുറ്റുമുണ്ട്. 7 സീറ്റുകൾ നേടിയ ഏക്‌നാഥ് ഷിൻഡേയുടെ ശിവസേനയും 5 സീറ്റ് നേടിയ ചിരാഗ് പസ്വാന്റെ എൽജെപിയും മന്ത്രിസ്ഥാനത്തിനായി പിടിവലി നടത്തുമ്പോൾ മോദി 3.0 യിൽ ആരൊക്കെ താക്കോൽ സ്ഥാനത്ത് ഉണ്ടാകുമെന്ന് എൻഡിഎ ഉന്നത വൃത്തങ്ങൾ ആലോചനയിലാണ്.
ബിജെപി പ്രധാന മന്ത്രിസ്ഥാനങ്ങളിൽ രണ്ടാം മന്ത്രിസഭയിലെ പ്രധാനികളെ നിലനിർത്തിയേക്കും. സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, റോഡ്സ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എന്നിവർ തങ്ങളുടെ വകുപ്പുകൾ നിലനിർത്തിയേക്കാനാണ് സാധ്യത. രാജ്യസഭാ എംപിമാരായ നിർമല സീതാരാമനും ഡോ എസ് ജയശങ്കറും തങ്ങളുടെ വകുപ്പുകൾ നിലനിർത്താൻ സാധ്യതയുണ്ടെന്ന് ബിജെപി വൃത്തങ്ങൾ സൂചന നൽകുന്നു.