ന്യഡൽഹി: എൻ.ഡി.എ സർക്കാറിൻറെ സത്യപ്രതിജ്ഞ വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കും. വിവിധ മേഖലകളിൽ നിന്നായി 8,000 ത്തിലധികം അതിഥികൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചത്. ചടങ്ങിന് ശേഷം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥികൾക്ക് വിരുന്നൊരുക്കും.
നിരവധി രാഷ്ട്രത്തലവന്മാർ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിങ്കെ, മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുഇസ്സു, സീഷെൽസ് വൈസ് പ്രസിഡൻറ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗഥ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്ഗേ എന്നിവർ ചടങ്ങിൽ പങ്കെടുത്തേക്കും.
ചെന്നൈ റെയിൽവേ ഡിവിഷനിൽ നിന്നുള്ള വന്ദേ ഭാരത് ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോൻ, ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവ് എന്നിവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. ആകെ 10 ലോക്കോ പൈലറ്റുമാർക്ക് ക്ഷണമുണ്ട്.കൂടാതെ, ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ ജീവനക്കാർ, സെൻട്രൽ വിസ്ത പദ്ധതിയിൽ സംഭാവന നൽകിയ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ അതിഥികളാകും.
കഴിഞ്ഞ വർഷം ഉത്തരകാശിയിലെ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ 41 നിർമാണ തൊഴിലാളികളെ രക്ഷിക്കാൻ സഹായിച്ച റാറ്റ് ഹോൾ മൈനിങ് തൊഴിലാളികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിരവധി പ്രമുഖ മതനേതാക്കൾ, അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാര ജേതാക്കൾക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇവരെക്കൂടാതെ, സ്ഥാനമൊഴിയുന്ന പാർലമെൻറംഗങ്ങൾ, ബി.ജെ.പി നേതാക്കൾ, എൻ.ഇ.സി അംഗങ്ങൾ, മറ്റ് എം.പി.മാർ, എം.എൽ.എമാർ, എം.എൽ.സിമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ക്ഷണം ലഭിച്ചു. ഖാർഗെ ചടങ്ങിൽ പങ്കെടുക്കുമോയെന്നതിൽ വ്യക്തതയില്ല. ഇൻഡ്യ സഖ്യത്തിൽ ചർച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക