ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ചാക്കിയതില്‍ പ്രതിഷേധം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ . വിഷയം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ക്ക് പകരം പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഒരു ഭാഷയ്ക്കും ഭരണഘടന ദേശീയ പദവി നല്‍കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി മാസാചരണം നടത്തുന്നത് മറ്റു ഭാഷകളെ ചെറുതാക്കുന്നതിന് തുല്യമാണ് - സ്റ്റാലിന്‍ കത്തില്‍ പറയുന്നു
അതോടൊപ്പം, വാഴ്ത്തുപാട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ദ്രാവിഡം എന്ന് വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിന്റെ നിയമത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു
തമിഴ്‌നാടിനെയും സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെയും അവഹേളിക്കുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദിക്ക് സ്വീകാര്യതയുണ്ടെന്നാണ് ഗവര്‍ണറുടെ പക്ഷം. തമിഴ് ഭാഷയുടെ പ്രചാരണത്തിന് ഏറ്റവുമധികം അധ്വാനിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ് വാഴ്ത്തുപാട്ട് വിവാദത്തില്‍ ദൂരദര്‍ശന്‍ മാപ്പുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പത്രകുറിപ്പ് ദൂരദര്‍ശന്‍ പുറത്തുവിട്ടു. വാഴ്ത്തുപാട്ടിനോട് മനപ്പൂര്‍വ്വം അനാദരവ് കാട്ടിയിട്ടിലെന്നും സംസ്ഥാന ഗാനത്തിലെ ഒരുവരി അബദ്ധത്തില്‍ വിട്ടുപോയതാണെന്നും ഡിഡി തമിഴ് പത്രകുറിപ്പില്‍ വ്യക്തമാക്കി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗാനത്തിലെ വരി വിട്ടുപോയത്. ഇതോടൊപ്പം ഗവര്‍ണര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.