വ്യോമസേനയുടെ മിഗ്-29 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.
അപകടം മണത്ത ഉടന്‍ ആളുകള്‍ക്കോ വീടുകള്‍ക്കോ നാശനഷ്ടമുണ്ടാകാതിരിക്കാനായി പൈലറ്റ് വിമാനം വിജനമായ പ്രദേശത്തക്ക് കൊണ്ടുപോയെന്ന് വ്യോമസേന അറിയിച്ചു. തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് പൈലറ്റ് രക്ഷപ്പെട്ടത്. പരിശീലനപ്പറക്കലിനായി പഞ്ചാബിലെ അദംപൂരില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ആഗ്രയിലേക്കുള്ള യാത്രക്കിടെ തകരാറിലാവുകയായിരുന്നു.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മിഗ് 29 വിമാനം തകര്‍ന്നുവീഴുന്നത്. സെപ്റ്റംബര്‍ മൂന്നിന് രാജസ്ഥാനിലെ ബാര്‍മെറിലാണ് നേരത്തേ മിഗ് തകര്‍ന്നുവീണത്. അന്നും പൈലറ്റ് രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറ് തന്നെയായിരുന്നു അപകട കാരണം.