ആപ്പിളിൽ നിന്ന് ഫോൺ ചോർത്തൽ മുന്നറിയിപ്പ് ലഭിച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി

സ്ത്രീകളുടെ സ്വകാര്യതയിലേക്കു പോലും ബിജെപി ഒളിഞ്ഞുനോക്കുന്നത് അവരുടെയൊപ്പം തങ്ങൾ നിൽക്കാൻ വിസമ്മതിച്ചതുകൊണ്ടാണ്.

author-image
Anagha Rajeev
New Update
pegasus
Listen to this article
0.75x 1x 1.5x
00:00 / 00:00

ആപ്പിൾ ഫോണിലൂടെ പെഗാസസ് ഫോൺ ചോർത്തൽ മുന്നറിയിപ്പ് ലഭിച്ചെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീർ സർക്കാരിന്റെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ഇൽതിജ മുഫ്തി. ബുധനാഴ്ച സ്പൈവെയർ ആക്രമണത്തിന്റെ മുന്നറിയിപ്പ് ഐഫോണിലൂടെ ലഭിച്ചുവെന്ന് ഇൽതിജ മുഫ്തി എക്സിൽ കുറിച്ചു. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെയാണ് പെഗാസസ് വീണ്ടും ചർച്ചയാകുന്നത്.

“വിമർശകരെയും രാഷ്ട്രീയ എതിരാളികളെയും തകർക്കാൻ ബിജെപി ആയുധമാക്കിയ പെഗാസസ് എൻ്റെ ഫോൺ ഹാക്ക് ചെയ്തതായി ആപ്പിൾ മുന്നറിയിപ്പ് തന്നു. സ്ത്രീകളുടെ സ്വകാര്യതയിലേക്കു പോലും ബിജെപി ഒളിഞ്ഞുനോക്കുന്നത് അവരുടെയൊപ്പം തങ്ങൾ നിൽക്കാൻ വിസമ്മതിച്ചതുകൊണ്ടാണ്. ഇനിയും എത്രത്തോളം നിങ്ങൾ തരം താഴ്‌ന്നുപോകും?” പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇൽതിജയുടെ കുറിപ്പ്. ആപ്പിളിന്റെ മുന്നറിയിപ്പുകളുടെ സ്‌ക്രീൻ ഷോട്ടും അവർ എക്‌സിൽ പങ്കുവെച്ചു.

സമൃദ്ധ ഭാരത് ഫൗണ്ടേഷൻ ഡയറക്ടർ പുഷ്പരാജ് ദേശ്പാണ്ഡെയ്ക്കും സമാനമായ രീതിയിൽ ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചുവെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. “ഇന്നലെ വൈകുന്നേരം എനിക്ക് ആപ്പിളിൽ നിന്ന് ഒരു സന്ദേശവും ഇമെയിലും ലഭിച്ചു, എൻ്റെ ഫോൺ പെഗാസസ് പോലുള്ള ഒരു സ്പൈവെയറിൻ്റെ നിരീക്ഷണത്തിലാണെന്ന് മുന്നറിയിപ്പ് നൽകി. എൻ്റെ ഫോൺ സുരക്ഷിതമാക്കാൻ ആപ്പിൾ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുമ്പ് സമാനമായ ആക്രമണം നേരിട്ട ആളുകളിൽ നിന്നും ഞാൻ സഹായം തേടിയിട്ടുണ്ട്,” പുഷ്പരാജ് ദേശ്പാണ്ഡെ ദി വയറിനോട് പറഞ്ഞു.

ഹിന്ദു രാഷ്ട്രം എന്ന വലതുപക്ഷ സങ്കൽപ്പത്തിനെതിരായും പുരോഗമന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് സമൃദ്ധ ഭാരത് ഫൗണ്ടേഷൻ.

Pegasus Iltija Mufti