ന്യൂഡൽഹി: രാഹുൽ ഗാന്ധി ഏത് ലോക്സഭാ മണ്ഡലം തുടരണമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ യോഗം തുടങ്ങി. റായ്ബറേലി, വയനാട് ഇതിൽ ഏതു സീറ്റ് നിലനിലനിർത്തുമെന്നതിൽ തിങ്കളാഴ്ച രാത്രിയോടെ പ്രഖ്യാപനം ഉണ്ടായേക്കും. ഏതു സീറ്റ് നിലനിർത്തുന്നു എന്ന് ലോക്സഭാ സെക്രട്ടേറിയേറ്റിനെ അറിയിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ട സാഹചര്യമുള്ളതിനാൽ റായ്ബറേലി രാഹുൽ നിലനിർത്തുമെന്നാണു പുറത്തു വരുന്ന സൂചന. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും വിവരങ്ങളുണ്ട്.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്‍റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. രാഹുൽ വയനാട് മണ്ഡലം നിലനിർത്തണമെന്നാണു കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വെക്കുന്ന ആവശ്യം.