രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി മായ

രത്തന്‍ ടാറ്റ... ആ ഒരു പേരില്‍ കൊത്തിവച്ചിട്ടുണ്ട് ഒരു രാജ്യത്തിന്റെയും ലക്ഷക്കണക്കിന് മനുഷ്യരുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ. രത്തന്‍ ടാറ്റയുടെ വിടവാങ്ങല്‍ ടാറ്റ എന്ന മഹാപ്രസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിന് തന്നെ നികത്താനാകാത്ത നഷ്ടമാണ്.

author-image
Rajesh T L
New Update
tata

രത്തന്‍ ടാറ്റ... ആ ഒരു പേരില്‍ കൊത്തിവച്ചിട്ടുണ്ട് ഒരു രാജ്യത്തിന്റെയും ലക്ഷക്കണക്കിന് മനുഷ്യരുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ. രത്തന്‍ ടാറ്റയുടെ വിടവാങ്ങല്‍ ടാറ്റ എന്ന മഹാപ്രസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിന് തന്നെ നികത്താനാകാത്ത നഷ്ടമാണ്.

രത്തന്‍ ടാറ്റ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ഈ അവസരത്തില്‍ ശ്രദ്ധനേടുകയാണ്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ്, എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി എന്ന തലക്കെട്ടോടെയായിരുന്നു ടാറ്റയുടെ കുറിപ്പ്.

തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ടാറ്റയുടെ പോസ്റ്റ്. തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം താന്‍ അറിഞ്ഞുവെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നും ടാറ്റ കുറിച്ചു. തന്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നും നല്ല മാനസികാവസ്ഥയിലാണ് ഇപ്പോള്‍ താനുള്ളതെന്നും ടാറ്റ എക്സില്‍ കുറിച്ചു.

കുറിപ്പ് പങ്കുവച്ച് മണിക്കൂറുകള്‍ക്ക് ശഷം ബുധനാഴ്ച രാത്രിയാണ് രത്തന്‍ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ടാറ്റയെന്ന മഹാപ്രസ്ഥാനത്തെ ഇനിയാര് നയിക്കും? കേള്‍ക്കുന്ന പേര് മായ ടാറ്റയുടേതാണ്. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ മൂന്നു മക്കളില്‍ ഒരാളാണ് മായ. മായയോടൊപ്പം സഹോദരങ്ങളായ ലിയ, നെവില്‍ എന്നിവരും ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന സംഘടനകളില്‍ ഒന്നായ ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ ബോര്‍ഡംഗങ്ങളാണ്.

34 കാരിയായ മായ സഹോദരങ്ങളില്‍ ഇളയയാളാണ്. ടാറ്റ ഗ്രൂപ്പിനുള്ളില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടാന്‍ മായയ്ക്ക് സാധിച്ചിട്ടുണ്ട്. ബയേസ് ബിസിനസ് സ്‌കൂള്‍, വാര്‍വിക് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുമാണ് മായ പഠനം പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടില്‍ ജോലി ചെയ്തിരുന്ന കാലത്ത് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റിലും നിക്ഷേപക ബന്ധങ്ങളിലും മായ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്നതിലും ഓഹരി ഉടമകളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതിലും പുലര്‍ത്തിയ മികവ് ടാറ്റാ ഗ്രൂപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള യോഗ്യതയായാണ് വിലയിരുത്തപ്പെടുന്നത്.

ചുരുങ്ങിയ കാലത്തെ പരിചയസമ്പത്തിലൂടെ തന്നെ ടാറ്റാ ഗ്രൂപ്പിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ പ്രാപ്തിയുള്ള വ്യക്തി എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാനും മായയ്ക്ക് സാധിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയുടെ സഹോദരിയാണ് മായയുടെ അമ്മ ആലു മിസ്ത്രി. സൈറസ് മിസ്ത്രിയുടെ ഭാര്യ രോഹിഖ മിസ്ത്രിയാവട്ടെ 56000 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതായത് വ്യവസായങ്ങളിലൂടെ മാത്രമല്ല കുടുംബ ബന്ധങ്ങളിലൂടെയും ഇന്ത്യയുടെ കോര്‍പ്പറേറ്റ് മേഖലയുമായി ആഴത്തില്‍ വേരൂന്നിയ അനുഭവസമ്പത്ത് മായയ്ക്കുണ്ട്.

ടാറ്റ ഡിജിറ്റലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മായയ്ക്ക് സാധിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ സേവനങ്ങള്‍ സമന്വയിപ്പിക്കുക, ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ടാറ്റ ന്യൂ ആപ്പ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിച്ചതില്‍ നിര്‍ണായക പങ്കാണ് ഇവര്‍ വഹിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേയ്ക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഇത് കണക്കാക്കപ്പെടുന്നത്. 

മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ ബോര്‍ഡ് അംഗം എന്ന നിലയില്‍ രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പാടവം, രത്തന്‍ ടാറ്റയുടെ പാത പിന്തുടര്‍ന്ന് മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങള്‍ കൈവിടാതെ ടാറ്റാ ഗ്രൂപ്പിനെ നയിക്കാന്‍ മായയ്ക്കാവും എന്ന പ്രതീക്ഷയും നല്‍കുന്നുണ്ട്.

business TATA Ratan Tata news