ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍തീപ്പിടിത്തം. പതിന്നാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു. പരമ്പരഗതമായി ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടക്കാറുള്ള 'ഭസ്മ ആരതി'ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീ പടർന്നത്.
പരിക്കേറ്റവര്‍ ജില്ലാആശുപത്രിയിലും ഇന്‍ഡോറിലെ ആശുപത്രിയിലുമായി ചികിത്സ തേടിയിട്ടുള്ളതായും മജിസ്ര്‌ടേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഉജ്ജൈനി ജില്ലാകളക്ടര്‍ നീരജ് കുമാര്‍ സിങ് അറിയിച്ചു.ജില്ലാപഞ്ചാത്ത് സി.ഇ.ഒ. മൃണാല്‍ മീണ, അഡീഷണല്‍ കളക്ടര്‍ അനുകൂല്‍ ജയിന്‍ എന്നിവര്‍ ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുംഅദ്ദേഹം അറിയിച്ചു.
കര്‍പ്പൂരം കത്തിക്കൊണ്ടിരുന്ന പൂജാതാലിയില്‍ (പൂജാദ്രവ്യങ്ങള്‍ വെക്കുന്ന താലം) പൂജയ്ക്കുപയോഗിക്കുന്ന വര്‍ണപ്പൊടി വീണതാണ് തീപിടുത്തത്തിന്റെ കാരണമായത്. തുടർന്ന് പൊടി വീണുകിടന്ന നിലത്തേക്കും തീ പടരുകയായിരുന്നു. അമ്പലത്തിലെ സി.സി.ടി.വി. ക്യാമറകളില്‍ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രി മോഹന്‍ യാദവ് അപകടത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചതായും പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായവും പ്രാദേശികഭരണകൂടം ലഭ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിട്ടുണ്ട്. പ്രാദേശികഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും സ്ഥിതി നിലവില്‍ നിയന്ത്രണവിധേയമാണെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും മോഹന്‍ യാദവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.