ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിലെ സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യം ശക്തം. ഇക്കാര്യം ഉന്നയിച്ച് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പത്തൊൻപത് എംഎൽഎമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.
ഒരു മന്ത്രി, നിയമസഭാ സ്പീക്കർ ഉൾപ്പെടെയാണ് ബിരേൻ സിങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാര മാർഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങിനെ മാറ്റുക എന്നതാണെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്‌തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേൻ സിങിനെതിരെ എംഎൽഎമാർ പടയൊരുക്കം നടത്തിയിരിക്കുന്നത്.
ഒന്നര വർഷം പിന്നിടുന്ന മണിപ്പൂരിൽ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാൻ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രി ബിരേൻ സിങിന്റെ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. ബിരേൻ സിങിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. ബിരേൻ സിങിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും സ്വീകരിക്കുന്നത്.