ന്യൂഡൽഹി: കുക്കി വംശജരായ വിചാരണത്തടവുകാരന് വൈദ്യസഹായം നിഷേധിച്ച മണിപ്പുരിലെ സർക്കാർ നടപടിയിൽ നടുക്കം രേഖപ്പെടുത്തി സുപ്രീംകോടതി. അസമിലെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ എത്തിച്ച് ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടു. പതിനഞ്ചിനകം മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ മണിപ്പുർ സർക്കാരിനെ വെറുതേ വിടില്ലെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരുടെ അവധിക്കാല ബെഞ്ച് മുന്നറിയിപ്പ് നൽകി. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് വിചാരണത്തടവുകാരനായ ലുങ്കോംഗം ഹാക്കിപ്പിന് മണിപ്പുർ സർക്കാർ ചികിത്സ നിഷേധിച്ചത്.
‘‘മണിപ്പുർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല. കുക്കി സമുദായത്തിൽപ്പെട്ടതിനാൽ വൈദ്യസഹായം നിഷേധിക്കുകയായിരുന്നോ? അതീവ ദുഃഖകരമാണിത് ’’–-കോടതി രോഷത്തോടെ പറഞ്ഞു. ഗുവാഹത്തിയിലെത്തിക്കുന്നതിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്നും ഉത്തരവിട്ടു.
ലുങ്കോംഗത്തിന്റെ നട്ടെല്ലിലും പ്രശ്‌നമുണ്ടെന്ന് കഴിഞ്ഞ വർഷം നവംബറിൽ ജയിൽ ഡോക്‌ടർ റിപ്പോർട്ട് നൽകിയെങ്കിലും ചികിത്സ ലഭ്യമാക്കിയില്ല. എക്‌സ്‌റേ എടുക്കാന്‍ ജയിലിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന ഡോക്‌ടറുടെ ആവശ്യം മണിപ്പുർ സർക്കാർ നിഷേധിച്ചു. തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ. മെയ്‌ത്തീ വിഭാഗത്തിൽപ്പെട്ട മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന് കുക്കി ഗോത്രവിഭാഗത്തോട് പ്രതികാരമനോഭാവമാണെന്ന വിമര്‍ശം ശക്തമാണ്.