സംഘർഷം; മണിപ്പുരിൽ മരണം ആറായി

ജിരിബാമിൽ നങ്ചപ്പി ഗ്രാമത്തിൽ കുക്കി ഗോത്രത്തിൽപ്പെട്ട ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ഇംഫാലിൽനിന്ന് 229 കിലോമീറ്റർ അകലെയാണ് നങ്ചപ്പി.

author-image
Vishnupriya
New Update
manippur
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇംഫാൽ: മണിപ്പുരിൽ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ മരണം ആറായി. ജിരിബാമിൽ നങ്ചപ്പി ഗ്രാമത്തിൽ കുക്കി ഗോത്രത്തിൽപ്പെട്ട ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ഇംഫാലിൽനിന്ന് 229 കിലോമീറ്റർ അകലെയാണ് നങ്ചപ്പി. 63കാരനായ യുറെംബാം കുലേന്ദ്ര സിൻഘയാണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കുക്കി, മെയ്തെയ് വിഭാഗങ്ങളിൽപ്പെട്ട 5 പേർ കൂടി കൊല്ലപ്പെട്ടു. ‘ഗ്രാമ സംരക്ഷണ വൊളന്റിയർമാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുക്കി, മെയ്തെയ് ഗോത്രങ്ങളുടെ സായുധസംഘങ്ങളാണ് ഏറ്റുമുട്ടിയത്. 

വെള്ളിയാഴ്ച മണിപ്പുർ മുൻ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ജിരിബാമിൽ വീണ്ടും ഏറ്റുമുട്ടൽ തുടങ്ങിയത്.

കലാപകാരികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി, ഉറങ്ങിക്കിടക്കുകയായിരുന്നയാളെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. സംഘർഷത്തെത്തുടർന്ന് പൊലീസ് സംഘത്തെ മേഖലയിലേക്ക് അയച്ചെങ്കിലും അവർക്കുനേരെയും വെടിവയ്പ്പുണ്ടായതായി ജിരിബാം പൊലീസ് സൂപ്രണ്ട് പറഞ്ഞു. പൊലീസ് ശക്തമായി തിരിച്ചടിക്കുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപകാരികൾ ഡ്രോൺ, റോക്കറ്റ് തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് കുക്കി കലാപകാരികൾ ഡ്രോൺ ഉപയോഗിച്ച് ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഗ്രാമങ്ങളിൽ ആക്രമണം നടത്തിയിരുന്നു. സ്ഥലത്ത് കരസേനയുടെ ഹെലികോപ്റ്ററുകൾ നിരീക്ഷണം നടത്തുന്നുണ്ടെന്നും മലനിരകളിലും താഴ്‌വരകളിലും പരിശോധന ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലും പൊലീസ് കർശന പരിശോധന തുടങ്ങി. അതിനിടെ പ്രദേശത്ത് സംശയാസ്പദമായി കണ്ട ബങ്കറുകൾ സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തു.

വെള്ളിയാഴ്ച ഇംഫാലിലെ മണിപ്പുർ റൈഫിൾ ക്യാംപിൽനിന്ന് ആയുധങ്ങൾ കവരാൻ ആൾക്കൂട്ടം ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. കണ്ണീർവാതകം പ്രയോഗിച്ചും ബുള്ളറ്റില്ലാ വെടിയുതിർത്തുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആൾക്കൂട്ടത്തെ തടഞ്ഞത്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഏതാനും നാട്ടുകാർക്കും പരുക്കേറ്റിരുന്നു.

manippur conflict