ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനായി മെയ്തേയികളുമായും കുക്കികളുമായും ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
നിയമം അനുസരിച്ചുള്ള നടപടികൾ മണിപ്പൂരിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങളും അമിത് ഷാ വിലയിരുത്തി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ക്യാമ്പുകളിൽ ലഭിക്കുന്നുണ്ടോയെന്നും പരിശോധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി തപൻ ദേക്ക, സൈനിക മേധാവി ജനറൽ മനോജ് പാണ്ഡേ്യ, സുരക്ഷാഉപദേഷ്ടാവ് കുൽദീപ് സിങ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, ഡി.ജി.പി രാജീവ് സിങ്, അസം റൈഫിൾസ് മേധാവി ചന്ദ്രൻ നായർ എന്നിവർ ഇന്ന് അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച് അമിത് ഷാ മണിപ്പൂർ ഗവർണറോട് ചോദിച്ചറിഞ്ഞു. മെയ് മൂന്നിന് മണിപ്പൂരിൽ കുക്കികളും മെയ്തേയി വിഭാഗവും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 225 പേർ മരിച്ചിരുന്നു. 50,000ത്തോളം പേർ അഭയാർഥി ക്യാമ്പുകളിൽ പോകാൻ നിർബന്ധിതരായി.
ആഴ്ചകൾക്ക് മുമ്പ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. മോറേയിലെ സ്കൂളിൽ ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായത്. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ആവശ്യപ്പെട്ടിരുന്നു.