ജിരിബാമിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് മെയ്തെയ് വീടുകൾക്ക് അജ്ഞാതർ തീയിട്ടു

author-image
Anagha Rajeev
Updated On
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ ഒഴിയുന്നില്ല. ജൂൺ 6ന് തുടങ്ങിയ സംഘർഷം ഒരാഴ്ച കഴിഞ്ഞിട്ടും നിയന്ത്രണവിധേയമായിട്ടില്ല . ജിരിബാമിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് മെയ്തെയ് വീടുകൾ ആൾക്കൂട്ടം കത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമികൾ വീടുകൾക്ക് തീയിട്ടത്. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ജിരിബാം ജില്ലയിൽ അധിക സുരക്ഷാ സേനയെ വിന്യസിച്ചിട്ടും ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. 

വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെ ബോറോബെക്ര പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഭൂതാങ്ഖലിലാണ് സംഭവം. സംഭവത്തിൽ ആളപായമൊന്നുമില്ല. അസമിനോട് ചേർന്നുള്ള ജിരിബാം ജില്ല മണിപ്പൂരിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. ജൂൺ 6 ന് കാണാതായ ഒരാളുടെ തലയറുത്ത മൃതദേഹം കണ്ടെടുത്തതിനെത്തുടർന്ന് ജില്ലയിലെ വാണിജ്യ പ്രവർത്തനങ്ങൾ നിലച്ചു. ഇത് വീണ്ടും വടക്ക് കിഴക്കൻ സംസ്ഥാനത്തിൽ അക്രമത്തിന് കാരണമായി.

ഇരു സമുദായങ്ങളിലുമുള്ള 70-ലധികം വീടുകൾ ഇതുവരെ കത്തിനശിച്ചു.  കൂടുതൽ അനാവശ്യ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് അറിയിച്ചു. അക്രമങ്ങൾ തടയുന്നതിനായി മണിപ്പൂർ പോലീസും കേന്ദ്ര സേനയും ഉൾപ്പെടെയുള്ള അധിക സുരക്ഷാ സേന ദുർബല പ്രദേശങ്ങൾ നിരീക്ഷിച്ചുവരികയാണ്.

അതേസമയം, ജിരിബാമിലെ സാഹചര്യം കണക്കിലെടുത്ത് ഓൾ ജിരിബാം മുസ്‍ലിം വെൽഫെയർ സൊസൈറ്റി ജില്ലയിൽ വലിയ പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.  മണിപ്പൂരിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനും അക്രമത്തിൽ മരിച്ചയാളുടെ ആത്മാവിന് നിത്യശാന്തിക്കുമായി ഈദ് ദിനത്തിൽ പ്രത്യേക പ്രാർത്ഥന നടത്താനും എജെഎംഡബ്ല്യുഎസ് തീരുമാനിച്ചു.

manipur attack