മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച കിങ്‌പോക്പി ജില്ലയിലാണ് മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആയുധധാരികളുടെ സംഘത്തിന്റെ ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
ജിരിബം ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. ജൂൺ 6ന് ജില്ലയിൽ ഒരാൾ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും സർക്കാർ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണം ഭയന്ന് വ്യാപകമായി പ്രദേശവാസികൾ പാലായനം ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ജിരിബം ജില്ല സന്ദർശിക്കാൻ മുഖ്യമന്ത്രി ബീരേൻ സിംഗ് തീരുമാനിച്ചത്. ഇംഫാലിൽ നിന്ന് ജിരിബം ജില്ലയിലേക്ക് പോകുമ്പോഴായിരുന്നു ആയുധധാരികളുടെ ആക്രമണമുണ്ടായത്. രാവിലെ 10.30ന് ദേശീയപാത 37ൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. അതേസമയം ആക്രമണം അപലപനീയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
മണിപ്പൂർ കലാപത്തെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് നേരെ വലിയ ജനരോക്ഷം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണിപ്പൂരിൽ വലിയ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് രാജിവയ്ക്കില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ബീരേൻ സിംഗ്. മണിപ്പൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളും കോൺഗ്രസ് നേടിയിരുന്നു.