ന്യൂഡൽഹി:മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിൻറെ റിപ്പോർട്ട് തള്ളി ഇന്ത്യ. ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിലും പക്ഷപാതപരമായിട്ടുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
യു.എസ്. വിദേശകാര്യ വകുപ്പിൻറെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്ടീസസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഈ റിപ്പോർട്ടിന് ഇന്ത്യ ഒരു മൂല്യവും കല്പിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. മണിപ്പുരിലെ വംശീയ കലാപത്തിൽ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടായതായി പൗരസംഘടനകൾ റിപ്പോർട്ട് ചെയ്തതായി യു.എസ്. വിദേശകാര്യ വകുപ്പ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.