ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പുർ കലാപത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത് . ബീരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി.
മണിപ്പുരില്‍ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘര്‍ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്‌തെയ് വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മണിപ്പുരിൽ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്ര സർക്കാർ ഇരുവിഭാഗങ്ങളുമായി ചർച്ചയിലാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, വഖഫ് ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ വകയിരുത്തി. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വാധ്‌വാനില്‍ ഒരു മെഗാ തുറമുഖം നിര്‍മിക്കും. നുഴഞ്ഞുകയറ്റം തടയാന്‍, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, വേലികെട്ടാന്‍ തീരുമാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു.