ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പുരിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്നു വരെയാണ് സേവനം നിർത്തിവയ്ക്കുക എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മണിപ്പുരിൽ വ്യാഴാഴ്ച വരെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. സംസ്ഥാനത്തെ സംഘർഷഭരിതമായ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ശനിയാഴ്ച മുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ചൊവ്വാഴ്ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മണിപ്പുരിൽ കുക്കി–മെയ്തെയ് വംശജർ തമ്മിൽ കഴിഞ്ഞ ഒരു വർഷത്തോളമായി സംഘർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന സംഘർഷത്തിൽ മാത്രം 11 പേരാണ് കൊല്ലപ്പെട്ടത്.