കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ജൂനിയർ ഡോക്ടർമാരുമായുള്ള ചർച്ച മുടങ്ങിയതിനു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമത നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ച തൽസമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. സർക്കാർ ഈ ആവശ്യം നിരാകരിച്ചു.
‘‘ജനങ്ങളുടെ താൽപര്യത്തിനായി സ്ഥാനം ഒഴിയാൻ തയാറാണ്. എനിക്ക് മുഖ്യമന്ത്രി പദവി ആവശ്യമില്ല. പദവിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. സാധാരണക്കാർക്ക് ചികിത്സ ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’’ – വാർത്താ സമ്മേളനത്തിൽ മമത പറഞ്ഞു. ‘‘യോഗത്തിനായി രണ്ടു മണിക്കൂർ കാത്തിരുത്തിയെങ്കിലും ഞാൻ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കില്ല. അവർ ചെറുപ്പക്കാരായതിനാൽ ക്ഷമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’’–മമത പറഞ്ഞു.
ജൂനിയർ ഡോക്ടർമാരുമായുള്ള ചർച്ച വിഡിയോയില്‍ ചിത്രീകരിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശത്തോടെ കൈമാറാമെന്നുമാണു സർക്കാർ നിലപാട്. കാര്യങ്ങള്‍ ഡോക്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും, പ്രക്ഷോഭങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്നുമുള്ള നിലപാട് മമത ആവർത്തിച്ചു. രാഷ്ട്രീയ താൽപര്യങ്ങളുള്ളവർക്കു നീതിയല്ല, അധികാര കസേരയാണ് വേണ്ടതെന്നും മമത ആരോപിച്ചു.