കൊല്‍ക്കത്ത : ബലാല്‍സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിക്ക് നടപടി തുടങ്ങി ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ എന്ന പ്രഖ്യാപനം മമത നടത്തിയത്.
'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി പ്രത്യേക നിയമസഭാ സമ്മേളനവും തുടങ്ങി. ഇന്നും നാളെയുമാണ് പ്രത്യേക സമ്മേളനം നടക്കുക. മുഖ്യമന്ത്രി മമത ബാനര്‍ജി ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുള്‍പ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു. ഈ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്താകെ ഒരു നിയമം നിലനില്‍ക്കേ ബംഗാളില്‍ പ്രത്യേക നിയമം കൊണ്ടുവരേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.