കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ജനം തള്ളിക്കളഞ്ഞെന്നും അതുകൊണ്ടാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ''മോദി പല പാർട്ടികളെയും തകർത്തു, ഇപ്പോൾ ജനങ്ങൾ അദ്ദേഹത്തിൻ്റെ മനോവീര്യം തകർത്തു.ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. ''നിങ്ങളുടെ മാജികും വിശ്വാസ്യതയും നഷ്ടപ്പെട്ടു. നിങ്ങൾ രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. തീര്‍ച്ചയായും ഇന്‍ഡ്യ മുന്നണിക്കൊപ്പം നില്ക്കും.
ചിലരുമായി ചര്‍ച്ച നടത്തി. ചെറുപ്പം മുതലേ രാഷ്ട്രീയത്തിൽ സജീവമായ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. മോദി പുറത്താണെന്നും ഇന്‍ഡ്യ മുന്നണി അകത്താണെന്നും ഉറപ്പാക്കാന്‍ ശ്രമിക്കും. ഇന്‍ഡ്യ മുന്നണിക്ക് മതിയായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്'' മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബി.ജെ.പി ഇതിനെതിരെ രംഗത്തുവന്നു.
നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത ബാനർജി പരാജയപ്പെട്ടിരുന്നു. എന്നിട്ടും ബംഗാൾ മുഖ്യമന്ത്രിയായി തുടർന്നു. 'വിശ്വാസ്യത'യുടെ പേരിൽ സ്വയം ന്യായീകരിക്കുന്ന അവസാന വ്യക്തി മമതയായിരിക്കണം," ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു.
ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട സംസ്ഥാനമായിരുന്നു പശ്ചിമ ബംഗാൾ. ഇവിടെയാണ് ഏറ്റവും മോശമായ അതിക്രമങ്ങൾ നടന്നത്. ഒരു വശത്ത് സിബിഐ, ഇഡി, ഐടി എന്നിവയുണ്ടായിരുന്നു. കൂടാതെ ഒരു വിഭാഗം മാധ്യമങ്ങളും ഞങ്ങൾക്കെതിരെ പ്രവർത്തിച്ചു,” അവർ പറഞ്ഞു.“എല്ലാ സംസ്ഥാനങ്ങളുടെയും കുടിശ്ശിക കേന്ദ്രം തീർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിർത്തിവെച്ച കേന്ദ്ര പദ്ധതികൾ പുനരാരംഭിക്കണം.കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതും ജുഡീഷ്യറിയിൽ കൃത്രിമം കാണിക്കുന്നതും അവസാനിപ്പിക്കണം. നിർത്തിയില്ലെങ്കിൽ വലിയ പ്രക്ഷോഭം ഉണ്ടാകും'' മമത മുന്നറിയിപ്പ് നല്‍കി
സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച ലക്ഷ്മിർ ഭണ്ഡാർ പോലുള്ള ടിഎംസി സർക്കാരിൻ്റെ പദ്ധതികൾ നിയമസഭയിൽ മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് നേട്ടമുണ്ടാക്കിയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.