ന്യൂഡൽഹി: പശ്ചിമ ബംഗാളിനെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാൻ മമതാ ബാനർജി പദ്ധതിയിടുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.ബംഗാൾ ഒരു മുസ്ലീം സംസ്ഥാനമാകണമെന്നാണ് മമത ബാനർജി ആഗ്രഹിക്കുന്നത്.
2021-ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി മമത ബാന്ർജിയുടെ സർക്കാരിലെ ഒരു മന്ത്രി മാധ്യമപ്രവർത്തകർക്ക് 'മിനി-പാകിസ്ഥാൻ' എന്ന് വിളിക്കുന്ന ഒരു ഗൈഡഡ് ടൂർ നൽകിയിരുന്നു.ബംഗാളിനെ ഒരു മിനി-പാകിസ്താൻ ആക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും (സിഎഎ) ഏകീകൃത സിവിൽ കോഡും നടപ്പിലാക്കും.അതുപോലെ മമതയുടെ കിം ജോങ് ഉന്നിനെ പോലെയുള്ള സ്വേച്ഛാധിപത്യവും അവസാനിപ്പിക്കുമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
ബിഹാറിലെ ബെഗുസാരായിയിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയും ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി അംഗങ്ങൾ രാജ്യത്തിന്മേൽ ‘ഇസ്ലാമിക ഭരണം’ നടപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും പിന്നോക്ക സമുദായങ്ങളുടെ അഭ്യുദയകാംക്ഷികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. എന്നാൽ, കർണാടകയിൽ മുസ്ലീങ്ങൾക്ക് ഒബിസി പദവി നൽകി കോൺഗ്രസ് അവരുടെ വിഹിതം അവർക്ക് നഷ്ടപ്പെടുത്തി. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ഒരു വലിയ പദ്ധതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മന്ത്രിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.