ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പിച്ച് മമത സര്‍ക്കാര്‍

അനുമതിയില്ലാതെ കോടതി നടപടികള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

author-image
Prana
New Update
mamta
Listen to this article
0.75x 1x 1.5x
00:00 / 00:00

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം സഭയില്‍ അവതരിപ്പിച്ച് ബംഗാള്‍ സര്‍ക്കാര്‍. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെസ്റ്റ് ബംഗാള്‍ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ബില്‍ 2024 ആണ് അവതരിപ്പിച്ചത്. അനുമതിയില്ലാതെ കോടതി നടപടികള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. അതിക്രമത്തിനിരയാകുന്നവര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്താല്‍ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വര്‍ഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്കും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും.
വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. ബില്‍ സഭ പാസ്സാക്കി ഉടന്‍ ഗവര്‍ണര്‍ക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരം നടത്തുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, കൊല്‍ക്കത്ത ആര്‍ ജികര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ബി ജെ പി ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി മറ്റാരോടും ആലോചിക്കാതെയാണ് നിയമം കൊണ്ടുവരുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ഷാളണിഞ്ഞാണ് ബി ജെ പി അംഗങ്ങള്‍ സഭയിലെത്തിയത്.

 

 

Rape Case mamta banerjee death sentence