ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗക്കൊലക്കിരയായ ബിരുദാനന്തര ബിരുദധാരിക്ക് നീതി തേടിയും ജൂനിയര്‍ മെഡിക്കുകളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ ആശുപത്രികളിലെ നിരവധി ഡോക്ടര്‍മാര്‍ കൂട്ടായി ഒപ്പിട്ട രാജിക്കത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഡോക്ടര്‍മാര്‍ കൂട്ടരാജി വെച്ചത്.
സര്‍വീസ് റൂള്‍സ് അനുസരിച്ച് ഒരു ജീവനക്കാരന്‍ തന്റെ രാജിക്കത്ത് തൊഴിലുടമയ്ക്ക് വ്യക്തിപരമായി അയച്ചില്ലെങ്കില്‍ അത് രാജിക്കത്ത് അല്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് അലപന്‍ ബന്ദ്യോപാധ്യായ സംസ്ഥാന സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പ്രത്യേക പ്രശ്‌നങ്ങളൊന്നും പരാമര്‍ശിക്കാതെ ഡോക്ടര്‍മാര്‍ അയച്ച കത്തുകള്‍ കൂട്ട ഒപ്പ് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ്, ഐപിജിഎംഇആര്‍, എസ്എസ്‌കെഎം ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂട്ട രാജിവെച്ചിരുന്നു.
ഈ ആഴ്ച ആദ്യം, ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു കൂട്ടം മുതിര്‍ന്ന ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടമായി ഒപ്പിട്ട 'കൂട്ട രാജി' കത്ത് അയച്ചു. തുടര്‍ന്ന്, മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സമാനമായ കത്തുകള്‍ അയച്ചു.
കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭ്യമാക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ രാജി, ജോലിസ്ഥലത്തെ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ മരണം വരെ നിരാഹാര സമരം നടത്തുകയാണ്.
മുതിര്‍ന്ന ഡോക്ടര്‍മാര്‍ അവരുടെ ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകാത്മകമായാണ് കൂട്ട രാജികളെ വ്യാഖ്യാനിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി