കൊല്‍ക്കത്ത: ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കൊല്‍ക്കത്തിയിലെ എസ്പ്ലനേഡില്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍, മരണം വരെ നിരാഹാര സമരം ആരംഭിച്ചു. വെള്ളിയാഴ്ച, ധര്‍മ്മതലയിലെ ഡോറിന ക്രോസിംഗില്‍ ഡോക്ടര്‍മാര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മമത സര്‍ക്കാരിന് 24 മണിക്കൂര്‍ സമയപരിധി നല്‍കിയിരുന്നു.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സമയപരിധിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വന്നതോടെയാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സുതാര്യത നിലനിര്‍ത്താന്‍, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിരാഹാരം നടത്തുന്ന വേദിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
നിലവില്‍ ആറ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് നിരാഹാരം ആരംഭിച്ചത്. ഇരയായ വനിതാ ഡോക്ടര്‍ക്ക് നീതി നടപ്പാക്കുക, തൊഴിലിടത്തില്‍ സുരക്ഷ ഒരുക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇവര്‍ നിരാഹാര സമരം നടത്തുന്നത്.