ഡൽഹി: നിതി ആയോഗ് യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിതി ആയോഗ് പിരിച്ചുവിടണമെന്നും മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച ബജറ്റ് രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി മാത്രമാണെന്നും അവർ കുറ്റപ്പെടുത്തി.
കേന്ദ്ര പദ്ധതികളിൽ നിന്ന് ബംഗാളിനെ ഒഴിവാക്കുകയാണെന്നും ആരോപിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗത്തിലാണ് മമതയുടെ രൂക്ഷ വിമർശനം.അതെസമയം ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർ യോഗത്തെ ബഹിഷ്ക്കരിച്ചിരുന്നു.ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം മറികടന്ന് യോഗത്തിൽ പങ്കെടുത്ത മമത ബാനർജിയെ ശിവസേന വിമർശിച്ചു.
കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധ സൂചകമായാണ് ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാർ വിട്ടുനിന്നിരുന്നു.അഞ്ച് മിനിട്ട് സംസാരിച്ചപ്പോഴേക്കും മൈക്ക് ഓഫാക്കി. തുടർന്ന് യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപോയി. ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട മമത, നിതി ആയോഗ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും തുറന്നടിച്ചു.
നിതി ആയോഗ് കൊണ്ട് പ്രയോജനമില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് പങ്കെടുത്തുവെന്നാണ് ശിവസേനയുടെ ചോദ്യം. പങ്കെടുക്കരുതെന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. തന്നോടാരും പറഞ്ഞില്ലെന്നായിരുന്നു മമതയുടെ നിലപാട്.
മൂന്നാം മോദി സർക്കാർ വന്നതിന് ശേഷമുള്ള നിതി ആയോഗിൻറെ ആദ്യ ഗവേണിംഗ് കൗൺസിൽ യോഗമാണ് ചേർന്നത്. ബജറ്റിൽ ഒന്നും കിട്ടിയില്ലെന്ന് പരാതിപ്പെടുന്ന സംസ്ഥാനങ്ങളെ അനുനയിപ്പിക്കുക കൂടിയായിരുന്നു ഉദ്ദേശം.