ന്യൂഡൽഹി: ബംഗാളിലെ ജൽപായ്ഗുരിക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മോദി സർക്കാറിനെ രൂക്ഷമായി വിമർശനവുമായി മല്ലികാർജുൻ ഖാർഗെ. പത്ത് വർഷമായി റെയിൽവേ മന്ത്രാലയത്തിൽ തുടരുന്നത് വൻ കെടുകാര്യസ്ഥതയാണ്. മോദി സർക്കാർ റെയിൽവേയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. ഇന്നത്തെ അപകടത്തിൻറെ ഉത്തരവാദി കേന്ദ്രസർക്കാറാണെന്നും ഖാർഗെ ആരോപിച്ചു. ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ഇത്തരം അപകടം ഇല്ലാതാക്കാൻ റെയിൽവേ നടപടി സ്വീകരിച്ചില്ലെന്ന വിമർശനമുയരുന്നതിനിടെയാണ് ഖാർഗെയുടെ കടന്നാക്രമണം.
“കഴിഞ്ഞ പത്ത് വർഷമായി റെയിൽവേ മന്ത്രാലയത്തിൽ തുടരുന്നത് വൻ കെടുകാര്യസ്ഥതയാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ, റെയിൽ മന്ത്രാലയത്തെ മോദി സർക്കാർ സ്വയം പ്രമോഷനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് പറയേണ്ടത് ഞങ്ങളുടെ കടമയാണ്. ഇന്നത്തെ ദുരന്തത്തിനു പിന്നിലും ഈ കെടുകാര്യസ്ഥതയാണ്” -ഖാർഗെ എക്സിൽ കുറിച്ചു.
Extremely distressed by the Kanchanjunga Express train collision accident in Jalpaiguri, West Bengal, where many people have lost their lives and several have been injured.
— Mallikarjun Kharge (@kharge) June 17, 2024
The scenes of the accident are painful. Our heart goes out to the families of the victims. In this hour…
ട്രെയിൻ അപകടത്തിൻറേത് ഏറെ ദുഃഖം നൽകുന്ന വാർത്തയാണെന്നും ഖാർഗെ പറഞ്ഞു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വേദനിപ്പിക്കന്നതാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തോടൊപ്പം ചേരുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ ഭേദമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കുമുള്ള സഹായധനം സർക്കാർ എത്രയും വേഗത്തിൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.