ന്യൂഡൽഹി: ഇന്ത്യൻ വിനോദ സഞ്ചാരികൾ ഇനിയും മാലദ്വീപിലേക്ക് വരണമെന്ന് അഭ്യർഥിച്ച് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ.ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ചരിത്രപരമായതാണെന്നും അദ്ദേഹം പറഞ്ഞു.മുയിസു സർക്കാരിന് കീഴിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ വഷളായതിനു പിന്നാലെ മാലിദ്വീപ് സമ്പദ്ഘടനയിൽ സാരമായ നഷ്ടം സംഭവിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യൻ സഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാലദ്വീപിന്റെ പുതിയ നീക്കം. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ അഭ്യർഥന.
“ഞങ്ങൾക്ക് ഒരു ചരിത്രമുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സർക്കാർ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എപ്പോഴും സമാധാനവും സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജനങ്ങളും സർക്കാരും ഇന്ത്യൻ വരവിന് ഊഷ്മളമായ സ്വീകരണം നൽകും. ടൂറിസം മന്ത്രി എന്ന നിലയിൽ, ഇന്ത്യക്കാരോട് ദയവായി മാലിദ്വീപിൻ്റെ ടൂറിസത്തിൻ്റെ ഭാഗമാകാൻ ഞാൻ അഭ്യർഥിക്കുന്നു.നമ്മുടെ സമ്പദ്‌വ്യവസ്ഥ വിനോദസഞ്ചാരത്തെ ആശ്രയിച്ചിരിക്കുന്നു,” മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ അഭിമുഖത്തിൽ പറഞ്ഞു.
മാലദ്വീപിലെ ചില മന്ത്രിമാർ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കി.ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യയെ അനുനയിപ്പിക്കാൻ മാലദ്വീപ് ഭരണകൂടം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മാലദ്വീപ് ടൂറിസം മന്ത്രിയുടെ അഭ്യർഥന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നു മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തെറ്റിച്ചു.
യുഎഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തു. ഇന്ത്യയിൽനിന്നുള്ള സാമ്പത്തികസഹായം മാലദ്വീപിന് അനിവാര്യമാണ്. മുൻപ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്സിം ബാങ്കിൽനിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പ മാലദ്വീപ് സ്വീകരിച്ചിരുന്നു.