അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ എത്തി. ഇന്നുമുതൽ 10 വരെയാണ് മുയിസുവിന്റെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മുയിസുവിനെ സ്വീകരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യയും മാലദ്വീപിനും ഇടയിലുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളിൽ മുയിസു പങ്കെടുക്കും.
നേരത്തേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023-ല്‍ 'ഇന്ത്യ ഔട്ട്' ക്യാംപയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ അതിരുകവിഞ്ഞ ചായ്‌വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു തെരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും മുയിസു കഴിഞ്ഞ മാസം യു.എന്നില്‍ പറഞ്ഞിരുന്നു.