ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികൾ സ്വീകരിക്കില്ല: മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും.

author-image
anumol ps
New Update
modi-moizzu

 

ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതിന് പിന്നാലെയായിരുന്നു മുയിസുവിന്റെ പ്രതികരണം. മാലദ്വീപിന്റെ സുഹൃത്താണ് ഇന്ത്യ. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താൽപര്യങ്ങളുടെയും അടിസ്ഥാനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു. 

 ‘‘ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താൽപര്യങ്ങളുടെയും അടിസ്ഥാനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. വിവിധ മേഖലകളിലുള്ള മറ്റു രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുമ്പോഴും നമ്മുടെ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണ്.’’– എന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുയിസു പറഞ്ഞു.

മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാനാവശ്യപ്പെട്ടത് ആഭ്യന്തര വിഷയങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മുയിസു പറഞ്ഞു. ‘‘മാലദ്വീപിന്റെയും ഇന്ത്യയുടെയും മുൻഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരുരാജ്യങ്ങൾക്കും ഇപ്പോൾ മെച്ചപ്പെട്ട ധാരണയുണ്ട്. മാലദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഞാൻ നടപ്പാക്കിയത്. ആഭ്യന്തര പ്രാധാന്യം അനുസരിച്ചുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങളാണ് സമീപകാലത്തെ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നത്. പഴയ കരാറുകൾ പുനഃപരിശോധിച്ചത് അത് ഞങ്ങളുടെ ദേശീയ താൽപര്യങ്ങളുമായി ചേർന്നു പോകുന്നുവെന്നും മേഖലയിലെ സ്ഥിരതയ്ക്ക് ഗുണപരമായ സംഭാവന നൽകുന്നുവെന്ന് ഉറപ്പിക്കാനുമാണ്.’’– മുയിസു പറഞ്ഞു.

മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടതും ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മാലദ്വീപിലെ മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളും ഇന്ത്യ–മാലദ്വീപ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. തുടർന്ന് ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞത് മാലദ്വീപ് ടൂറിസത്തിന് കനത്ത തിരിച്ചടിയുണ്ടാക്കിയതോടെ മുയിസു ഇന്ത്യക്കെതിരെയുള്ള സമീപനത്തിൽ അയവ് വരുത്തുകയായിരുന്നു.

 തന്റെ സന്ദർശനം ഇന്ത്യ–മാലദ്വീപ് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുയിസു പറഞ്ഞു. ഞായറാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും.

mohamed muizzu maldives president