ന്യൂഡൽഹി: നയതന്ത്രബന്ധലുണ്ടായ പ്രശ്നം പരിഹരിക്കാൻ അനുനയ നീക്കവുമായി മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ.വെള്ളിയാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി മൂസ സമീർ കൂടിക്കാഴ്ച നടത്തും.കൂടികാഴ്ച്ചയ്ക്കായി അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലെത്തിയിരുന്നു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടേയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ചർച്ചകൾ സംഘടിപ്പിക്കുമെന്നും മൂസ സമീർ പറഞ്ഞിരുന്നു.മാലദ്വീപ് വിദേശകാര്യമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ മേയ് 10-നുള്ളിൽ പിൻവലിക്കാൻ നേരത്തെ ധാരണയായിരുന്നു.ധാരണപ്രകാരം 80-ലധികം സൈനികരെയും ഡ്രോണിയർ 228 പട്രോളിംഗ് എയർക്രാഫ്റ്റും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും ഇന്ത്യ പിൻവലിക്കും.
മാലദ്വീപ് ജനങ്ങൾക്ക് മാനുഷിക സഹായങ്ങളും ഒഴിപ്പിക്കൽ സേവനങ്ങളും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു.ഭരണ തലപ്പത്ത് ചൈനീസ് അനുകൂലിയും ഇന്ത്യ വിരുദ്ധ നിലപാടുകാരനുമായ മുഹമ്മദ് മുയിസു എത്തിയതോടെയാണ് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച് വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് പരാമർശിച്ചത് മാലദ്വീപ് മന്ത്രിമാരെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ ചില മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകർക്കുകയായിരുന്നു. വിവാദങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിനോദ സഞ്ചാരികളും മാലദ്വീപ് സന്ദർശനത്തിന് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ്.