ഭോപാൽ: ശ്രീലങ്കയിലെയും ബംഗ്ലദേശിലെയും ഭരണാധികാരികളുടെ ഗതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടാകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സജ്ജൻസിങ് വർമയുടെ പ്രസ്താവന വിവാദമാകുന്നു. ബംഗ്ലദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ ഒരുദിവസം ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ വസതിയും കയ്യേറുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘‘നരേന്ദ്ര മോദി നിങ്ങൾ ഓർത്തുകൊള്ളുക, തെറ്റായ നയങ്ങൾ കാരണം ഒരുനാൾ ജനം നിങ്ങളുടെ വസതി കയ്യേറും. 2022ൽ അത് ശ്രീലങ്കയിലും കഴിഞ്ഞ ദിവസം ബംഗ്ലദേശിലും സംഭവിച്ചു. ഇനി ഇന്ത്യയുടെ അവസരമാണ്’’– എന്നാണ് സജ്ജൻ സിങ് പറഞ്ഞത്. സജ്ജൻ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ യുവമോർച്ച അടക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. വാക്കുകളിൽ ദേശവിരുദ്ധത നിറച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ബംഗ്ലദേശിലെ കലാപത്തിന്റെ തുടർന്ന് ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ വസതി കയ്യേറിയതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന. ഇൻഡോർ മുൻസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സജ്ജൻ സിങ്.