മഹാരാഷ്ട്ര ഇലക്ഷൻ ;പോരാട്ടം കോൺഗ്രസ്സും ബിജെപിയും തമ്മിലല്ല ;

മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണിത്. നാല് പ്രമുഖ പാര്‍ട്ടികളാണ് മാറ്റുരയ്ക്കുന്നത്.ബി ജെ പിക്കും കോണ്‍ഗ്രസിനും പുറമെ രണ്ടായിപ്പിളര്‍ന്ന ശിവസേന, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളും തമ്മിലാണ് മത്സരം.

author-image
Rajesh T L
New Update
TG

മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണിത്. നാല് പ്രമുഖ പാര്‍ട്ടികളാണ് മാറ്റുരയ്ക്കുന്നത്. ബി ജെ പിക്കും കോണ്‍ഗ്രസിനും പുറമെ രണ്ടായിപ്പിളര്‍ന്ന ശിവസേന, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളും തമ്മിലാണ് മത്സരം. ഇതില്‍ പിളര്‍ന്ന ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ക്ക് കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ നേരിയ ആധിപത്യം മഹാവികാസ് അഘാഡിയുടെ ബാനറില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്റെ എന്‍സിപി വിഭാഗത്തിനുണ്ട്. എന്നാല്‍, ഇവരില്‍ നിന്ന് പിളര്‍ന്ന പാര്‍ട്ടികളെ മാറ്റി നിര്‍ത്തിയാല്‍ കണക്കിലെ ആധിപത്യം ബി ജെ പിക്ക് അനുകൂലമാണ്.

ലോക്സഭയിലെ തിരിച്ചടി താത്ക്കാലികം മാത്രമായിരുന്നുവെന്ന് തെളിയിക്കാന്‍ ബി ജെ പിക്കു കീഴില്‍ മഹായുതി ഇറങ്ങുമ്പോള്‍, നിയമസഭ തിരഞ്ഞെടുപ്പിന്റെ ട്രെയിലര്‍ മാത്രമായിരുന്നു ലോക്സഭയില്‍ കണ്ടതെന്ന് തെളിയിക്കാന്‍ മഹാ വികാസ് അഘാഡിയും ആവനാഴിയിലെ എല്ലാ ആയുധവും പുറത്തെടുത്താണ് പോരാടുന്നത്.

മുന്നണികള്‍ തമ്മിലാണ് പോരടിക്കുന്നതെങ്കിലും കളത്തിലെ സ്ഥിതി അങ്ങനെയല്ല. പിളര്‍ന്ന പാര്‍ട്ടികളുടെ രണ്ട് പക്ഷങ്ങള്‍ക്കിടയിലാണ് വാശിയേറിയ പോരാട്ടം. ബാല്‍താക്കറെ രൂപം കൊടുത്ത ശിവസേനയെ ഏകനാഥ് ഷിന്‍ഡെയെ മുന്നില്‍ നിര്‍ത്തി ബിജെപി പിളര്‍ത്തിയത് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്താണ്. ഭൂരിപക്ഷം നേതാക്കളെയും കൂട്ടി ഷിന്‍ഡെ ബിജെപിക്കൊപ്പം പോയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീണത്.

പിന്നാലെ യഥാര്‍ത്ഥ ശിവസേന ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന്റേതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വിധിച്ചു. അതോടെ ഉദ്ധവ് താക്കറെ നേതൃത്വം കൊടുത്ത ശിവസേനയ്ക്കു പാര്‍ട്ടി ചിഹ്നവും നഷ്ടമായി. സമാനമായ രീതിയിലാണ് എന്‍സിപിയെയും ബിജെപി പിളര്‍ത്തിയത്.അജിത് പവാറിനെതിരെയുള്ള കേസുകള്‍ ഒതുക്കിക്കൊടുത്തും ഉപമുഖ്യമന്ത്രിപദം നല്‍കിയും മഹായുതിയിലേക്ക് എത്തിച്ചു. സര്‍ക്കാരിന്റെ അടിത്തറ ഉറപ്പിച്ചു. പിന്നാലെ ഔദ്യോഗിക പാര്‍ട്ടി പദവിയും ചിഹ്നവും ശരദ് പവാറിനും നഷ്ടമായി.

ഈ പിളര്‍ന്ന പാര്‍ട്ടികള്‍ തമ്മിലാണ് ഇത്തവണ തീപാറുന്ന പോരാട്ടം നടക്കുന്നത്. ശിവസേനകള്‍ തമ്മില്‍ 50 മണ്ഡലങ്ങളിലും എന്‍സിപി പക്ഷങ്ങള്‍ തമ്മില്‍ 37 ഇടങ്ങളിലും നേര്‍ക്കുനേര്‍ പോരാടുന്നു.കൊങ്കണ്‍, മറാത്തവാഡ മേഖലയിലാണ് മുഖ്യമായും ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. കൊങ്കണില്‍ 26 ഇടത്തും മറാത്തവാഡ മേഖലയില്‍ 10 ഇടത്തും നേരിട്ട് ഏറ്റുമുട്ടുന്നു.

മറാത്തകള്‍ക്കു സ്വാധീനം ഏറെയുള്ള മേഖലകളിലെ പോരാട്ടം ഇരുപക്ഷത്തിനും നിര്‍ണായകമാണ്. നേതാക്കള്‍ ഏറെയുള്ള ഷിന്‍ഡെയ്ക്കൊപ്പമാണോ അണികള്‍ എന്ന വിധിയെഴുത്തുകൂടിയാവും നിയമസഭയിലേക്ക് ഇരുകക്ഷികളും തമ്മിലുള്ള മത്സരം. മറാത്ത സംവരണ പ്രക്ഷോഭത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മഹായുതി സര്‍ക്കാരിന്റെ ഭാഗമായ ഷിന്‍ഡെ പക്ഷത്തിനാണ് മത്സരത്തില്‍ നെഞ്ചിടിപ്പ് കൂടുതല്‍.ഇതിനുപുറമെ ഖന്ദേശ്, വിദര്‍ഭ മേഖലകളിലെ അഞ്ചുവീതവും പടിഞ്ഞാറന്‍ മഹാരാഷ്ട്ര മേഖലയിലെ നാല് മണ്ഡലങ്ങളിലുമാണ് ശിവസേനകള്‍ പരസ്പരം മത്സരിക്കുന്നത്. തീപാറുന്ന പ്രചാരണമാണ് ഇരുപക്ഷവും നടത്തിയത്.

തങ്ങളെ വഞ്ചിച്ച് ഷിന്‍ഡെ അധികാരത്തിനായി പാര്‍ട്ടി പിളര്‍ത്തിയെന്ന് ഉദ്ധവ് പക്ഷം വാദിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേറെ വഴിയില്ലായിരുന്നുവെന്നാണ് ഷിന്‍ഡെയുടെ മറുവാദം.സഹതാപതരംഗം ആഞ്ഞടിച്ചാല്‍ അത് ഉദ്ധവിന് തന്നെ ലോക്സഭയിലേതുപോലെ നേട്ടം സമ്മാനിക്കും. മറിച്ചായാല്‍ ഉദ്ധവിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നത്തിലാവും.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചാണക്യനായ ശരദ് പവാറിനും ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.തന്നെ രണ്ടു തവണ വഞ്ചിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അനന്തരവനോട് പകരം ചോദിക്കാനുള്ള അവസരംകൂടിയാണ് ശരദ് പവാറിനിത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി അജിത് പവാര്‍ പക്ഷത്തിനു ശക്തമായ മറുപടി നല്‍കിയ ശരദ് പവാര്‍ അണികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ചിരുന്നു. എന്നാലത് താല്‍ക്കാലികം മാത്രമായിരുന്നില്ലെന്ന് തെളിയിക്കേണ്ടതു ശരദ് പവാറിന് അത്യാവശ്യമാണ്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ് ഇരുവരും പരസ്പരം മത്സരിക്കുന്ന ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത്. 16 മണ്ഡലങ്ങളിലാണ് ഇരുവിഭാഗവും നേരിട്ട് പോരാടുന്നത്. ഖന്ദേശ് മേഖലയിലെ എഴ്, മറാത്തവാഡയിലെ ആറ്, കൊങ്കണ്‍ മേഖലയിലെ അഞ്ച്, വിദര്‍ഭയിലെ മൂന്ന് മണ്ഡലങ്ങളിലാണ് എന്‍സിപി വിഭാഗങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള മത്സരം.

ഈ പാര്‍ട്ടികള്‍ക്കിടയിലെ പോരാട്ടം തന്നെയാണ് ഇത്തവണത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുക. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടുന്ന 73 മണ്ഡലങ്ങളുണ്ടെങ്കിലും വാശിയും വീറും ഏറെയുള്ളത് പിളര്‍ന്ന ഘടകകക്ഷികള്‍ നേരിട്ട് മത്സരിക്കുന്ന മണ്ഡലങ്ങളിലാണ്.

നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ കണക്കുകളിലെ മുന്‍തൂക്കം ബി ജെ പിക്കാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ട്രൈക്ക് റേറ്റ് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബിജെപിക്കാണ്. മത്സരിച്ച 164 മണ്ഡലങ്ങളില്‍ 64 ശതമാനമായിരുന്നു ബി ജെ പിയുടെ സ്ട്രൈക്ക് റേറ്റ്. 147 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 30 ശതമാനവും. തുടര്‍ച്ചയായി വിജയിച്ചുകയറുന്ന മണ്ഡലങ്ങളുടെ എണ്ണത്തിലും ബിജെപിക്കാണ് മേല്‍ക്കൈ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളും തുടര്‍ച്ചയായി വിജയിച്ച 24 മണ്ഡലങ്ങളാണ് ബി ജെ പിക്കുള്ളത്.

തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകള്‍ വിജയിച്ച 77 മണ്ഡലങ്ങളും ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന് ഇത് യഥാക്രമം 18 ഉം 26 ഉം മാത്രമാണ്. പിളര്‍ന്നിട്ടില്ലാത്ത എന്‍സിപിക്ക് ഇത് 16 ഉം 28 ഉം ആയിരുന്നു. ശിവസേനയ്ക്ക് യഥാക്രമം 12, 38 മണ്ഡലങ്ങളും കുത്തകയായി അവകാശപ്പെടാനുണ്ട്.

shivsena