മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി (ഇന്ത്യാ സഖ്യം) ധാരണയിലെത്തി. കോൺഗ്രസ് 105 സീറ്റുകളിൽ മത്സരിക്കും. ശിവസേനാ ഉദ്ധവ് വിഭാഗം 95 സീറ്റുകളിലും എൻസിപി ശരദ് പവാർ വിഭാഗം 84 സീറ്റുകളിലും മത്സരിക്കും. സഖ്യത്തിലെ ചെറുകക്ഷികൾക്ക് 4 സീറ്റ് നൽകും. മറുവശത്തു മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക് അടുത്തു. ബിജെപി 152–155 സീറ്റുകളിൽ മത്സരിച്ചേക്കും. ശിവസേനാ ഷിൻഡെ വിഭാഗം 78–80 സീറ്റുകളിലും എൻസിപി അജിത് വിഭാഗം 52–54 സീറ്റുകളിലും മത്സരിച്ചേക്കും.
ഏതാനും ദിവസങ്ങളായി നീണ്ട തർക്കങ്ങൾക്കൊടുവിൽ ഇന്നലെ എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരടക്കമുള്ള നേതാക്കളുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയിലാണു ധാരണയായത്. കോൺഗ്രസ് ശ്രദ്ധ പുലർത്തുന്ന വിദർഭ മേഖലയിലെ ഏതാനും സീറ്റുകൾക്കായി പിടിമുറുക്കിയിരുന്ന ഉദ്ധവ് വിഭാഗം നിലപാടിൽ അയവു വരുത്തി. മുംബൈയിലേത് അടക്കം ഏതാനും സീറ്റുകൾ ഉദ്ധവ് വിഭാഗത്തിനു വിട്ടുനൽകാൻ കോൺഗ്രസും സമ്മതിച്ചതോടെയാണു സഖ്യത്തിലെ പിരിമുറുക്കം അവസാനിച്ചത്.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഉറപ്പിച്ചപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 124 സീറ്റുകളിൽ മത്സരിച്ച ഉദ്ധവ് വിഭാഗം നൂറിൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങി. സീറ്റ് വിഭജനം നീളുന്നതിൽ മഹാ വികാസ് അഘാഡിയിലെ ചെറുകക്ഷികളായ സമാജ്‌വാദി പാർട്ടി, പെസന്റസ് ആൻഡ് വർക്കേഴ്സ് പാർട്ടി, സിപിഎം പാർട്ടികളുടെ നേതാക്കൾ അതൃപ്തി അറിയിച്ചിരിക്കേയാണു തീരുമാനം വേഗത്തിലാക്കിയത്. അടുത്ത മാസം 20നാണു തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണൽ.