മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിൽ ബി.ജെ.പി.ക്ക് പിന്നാലെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ശിവസേനയും എൻ.സി.പി.യും . മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നേതൃത്വം നൽകുന്ന ശിവസേന 45 സ്ഥാനാർഥികളെയും ഉപമുഖ്യമന്ത്രി അജിത്പവാർ നേതൃത്വം നൽകുന്ന എൻ.സി.പി. 38 സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്.
ഷിന്ദേ താനെയിലെ കോപ്രി-പച്ച്പക്കഡിയിലും അജിത്പവാർ ബാരാമതിയിലും ജനവിധി തേടും. ബി.ജെ.പി. 99 പേരുടെ സ്ഥാനാർഥിപ്പട്ടിക കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ 288 സീറ്റുകളിൽ ബി.ജെ.പി. 152 മുതൽ 155 വരെ സീറ്റുകളിലും ശിവസേന 78-80 സീറ്റുകളിലും എൻ.സി.പി. 52-54 സീറ്റുകളിലും മത്സരിക്കുമെന്നാണ് അറിയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ ബാരാമതിയിൽ ഇത്തവണ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്ന അജിത്പവാർ പക്ഷേ, മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ ഛഗൻഭുജ്ബൽ നാസിക്കിലെ യേവ്‌ല മണ്ഡലത്തിൽ വീണ്ടും മത്സരിക്കും.